ഐ ടി സുന്ദരിയുടെ ചില സുഖാന്വേഷണങ്ങള്‍

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഐ ടി യുവതി. കഷ്ടിച്ച് ശരാശരി ശമ്പളമേ ഉള്ളു. ജോലിക്കു കയറി കുറേ കഴിഞ്ഞപ്പോള്‍ ഒരു സ്‌കൂട്ടര്‍ സ്വന്തമാക്കി. അതും ലോണില്‍. കാഴ്ചയ്ക്ക് സുന്ദരി. മോഡലിങ്ങിനൊക്കെ അവസരം കിട്ടിയാല്‍ നോക്കിക്കളയാം എന്ന ചിന്തയുണ്ട്. എന്നാല്‍ അതിനായി ഇറങ്ങിത്തിരിക്കാന്‍ ഒരു വൈക്ലബ്യം ഇല്ലാതെയുമില്ല. ഈ താല്‍പ്പര്യം മനസ്സിലാക്കി ഞാന്‍ എനിക്ക് പരിചയമുള്ള ഒന്നുരണ്ട് പരസ്യഏജന്‍സിക്കാരെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ ഏതാണ്ട് ഒരെണ്ണം ശരിയായ വന്ന സമയത്താണ് കൊറോണയുടെ ആദ്യവരവും ലോക്ഡൗണും.

കൊറോണയുടെ രണ്ടാം വരവ് അതിന്റെ ശക്തിയറിച്ച് നീങ്ങുന്ന സമയം. ഈ ഐടി സുന്ദരിയുടെ വിളി വരുന്നു. അവര്‍ക്ക് ഒരു കാര്‍ വാങ്ങണം. ആട്ടോമാറ്റിക് ഗീയറുള്ളത്. ആ അന്വേഷണത്തിന്റെ ഭാഗമായാണ് വിളി വന്നത്. കാറ് വാങ്ങാനുള്ള തീരുമാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംസാരിച്ചിതിനിടയില്‍ ചോദിച്ചു,

“ഇന്‍സെന്റീവും ഇന്‍ക്രിമെന്റുമൊക്കെ ശരിക്ക് കിട്ടിയ ലക്ഷണമുണ്ടല്ലോ?”

” ഏയ് അതൊന്നുമല്ല അങ്കിള്‍, ലോക്ഡൗണ്‍ സമ്മാനിച്ച സമ്പാദ്യമാ. ഇപ്പോഴല്ലേ മനസ്സിലായത് ബ്യൂട്ടീപാര്‍ലറില്‍ കൊടുത്തിരുന്ന കാശെത്രയാന്ന്. ഇപ്പോ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കേണ്ടല്ലോ. വീട്ടിലിരുന്നുള്ള പണിയല്ലേ. പിന്നെ പുറത്തിറങ്ങിയാ മാസ്‌കും ഹെല്‍മററും. പുറത്തിറങ്ങാന്‍ സമയവും കിട്ടാറില്ല. നല്ല പണിയാ. അതു കാരണം ലോക്ഡൗണ്‍ എന്റെ അക്കൗണ്ടിന് മോശമില്ലാത്ത ആരോഗ്യം വയ്പ്പിച്ചു. അപ്പോ പിന്നെ ഒരു കാറ് വാങ്ങിയാലോന്നൊരു ചിന്ത. അമ്മയോട് പറഞ്ഞപ്പോ അമ്മ കട്ട ഉടക്ക്. കാറിന് പകരം കുറച്ച് സ്വര്‍ണ്ണം വാങ്ങാന്‍ പറഞ്ഞു. അമമയുമായി നല്ലോണം ഉടക്കിയിട്ടാണെങ്കിലും ഞാന്‍ കാറ് തന്നെ വാങ്ങാന്‍ തീരുമാനിച്ചു. എന്നു വിചാരിച്ച് മുഴുവന്‍ റെഡിക്യാഷ് കൊടുക്കാനൊന്നുമായിട്ടില്ല. ഉള്ളത് കൊടുത്തിട്ട് പിന്നെ തവണയാക്കാമെന്നു വിചാരിക്കുന്നു. എന്തായാലും ബ്യൂട്ടീ പാര്‍ലറില്‍ കൊടുത്തിരുന്നതിന്റെ പകുതിയില്‍ താഴയെ മാസഅടുവു വരാന്‍ വഴിയുള്ളു. ”

ഐടി സുന്ദരിയുമായി എനിക്കറിയാവുന്ന കാറുകളെക്കുറിച്ചൊക്കെ പറഞ്ഞു. ഒടുവില്‍ സുന്ദരിയുടെ മനസ്സിലുണ്ടായിരുന്ന കാര്‍ തന്നെയാണ് ഞാനും നിര്‍ദ്ദേശിച്ചതെന്ന് പറഞ്ഞു. റോഡിലിറങ്ങുമ്പോള്‍ അഞ്ചരലക്ഷം രൂപയാകുന്ന കാര്‍. സുന്ദരി ഫോണ്‍ വച്ചു. ഒട്ടേറെ ചിന്തകള്‍ എന്നില്‍ പറന്നെത്തി

  • കാഴ്ചയില്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെങ്കിലും സുന്ദരിയായിരുന്ന ഈ യുവതി എന്തിനായിരുന്നു ബ്യൂട്ടീപാര്‍ലറില്‍ പോയിരുന്നത്.?
  • ഇപ്പോള്‍ എന്തുകൊണ്ടാണ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്?
  • എന്തുകൊണ്ടാണ് യുവതിയുടെ അമ്മ സ്വര്‍ണ്ണം വാങ്ങാന്‍ വാശിപിടിച്ചത്?
  • എന്തുകൊണ്ടാണ് അമ്മയോട് ഉടക്കിയതിന്റെ പേരില്‍ യുവതിക്ക് കുറ്റബോധം തോന്നുന്നതും അതിന്റെ പേരില്‍ വിഷമിക്കുന്നതും?
  • എന്നെ വിളിച്ചതിന്റെ ലക്ഷ്യം കാര്‍ ഏതാണെന്ന് നിശ്ചയിക്കാനായിരുന്നോ അതോ തന്റെ തീരുമാനത്തില്‍ കുഴപ്പമുണ്ടോ എന്ന് ആശങ്കയുടെ പേരിലാണോ?
  • സ്വന്തമായി കാറ് വാങ്ങാന്‍ പോകുന്നതിന്റെ സന്തോഷമാണോ അതോ അമ്മയെ വിഷമിപ്പിച്ചതിന്റെ വിഷമമാണോ ആ യുവതിയില്‍ അധികരിച്ചു നില്‍ക്കുന്നത്?
  • എന്തുകൊണ്ടാണ് ഈ യുവതിയുമായുള്ള സംഭാഷണം ഞാനിവിടെ കുറിക്കാന്‍ കാരണം?
  • ഈ യുവതിയുടെ തീരുമാനവും അലക്‌സാണ്ടര്‍ ദ ഗ്രേറ്റും തമ്മിലുള്ള ബന്ധം എന്ത്?

ഉത്തരം ഇത്രയേയുള്ളു –

യുവതി കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിന്റെയും ഞാന്‍ ഇതിവിടെ കുറിക്കാന്‍ തീരുമാനിക്കുന്നതിന്റെയും അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് ലോകം മുഴുവന്‍ കീഴടക്കിയതിന്റെയും കാരണം ഒന്നു മാത്രം. സുഖത്തിനു വേണ്ടി. ഈ യുവതി തന്റെ വിശേഷങ്ങളുമായി എന്നെക്കൊണ്ട് വീണ്ടും കുറിപ്പിക്കുമെന്നു ഉറപ്പ്. കാരണം ഈ വിളിയില്‍ തന്നെ ഏറെ സംഭാവന ചെയ്തിട്ടുണ്ട്.  അതിനാല്‍-തുടരും……….