കാതടപ്പിച്ച് നെഞ്ചിടിപ്പുണ്ടാക്കി അകമ്പടികളോടെ പായുന്ന മന്ത്രിവാഹനം. നിരത്തില്‍ നൊടിയിടയില്‍ ഹിംസത്മകമായ ആധിപത്യാന്തരീക്ഷം.വഴിയാത്രക്കാരും മറ്റു വാഹനമോടിക്കുന്നവരിലും പേടി നിറയുന്നു.പേടിക്കൊപ്പം ഗുപ്തമായ കൗതുകവും ആരാധനയും.നിമിഷാര്ധത്തില് യജമാന-അടിമസ്മൃതി ഉണര്‍ത്തപ്പെടുന്നു. അബോധപൂര്‍വ്വമായി അധികാരത്തിന്റെ നിര്‍വ്വചനവും ഭാവവും അതിന് സാക്ഷ്യം വഹിക്കുന്നവരില്‍ അവരറിയാതെ നിക്ഷിപ്തമാവുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. . വില്ലേജാപ്പീസിലെ ക്ലാസ് ഫോര്‍ ജീവനക്കാരനില്‍ പോലും അവിടെയെത്തുന്ന സാധാരണക്കാരനോടുള്ള പെരുമാറ്റത്തില്‍ ഈ ഭാവഹാവാദികളുടെ എളിയ അളവിന്റെ ശക്തമായ സാന്നിദ്ധ്യം.കാര്യസാധ്യത്തിന് എത്തുന്നയാളില് അടിമത്തഭാവവും.രാജാധികാരം,ഏകാധിപത്യം, സ്വേച്ഛാധിപത്യം, വിദേശാധിപത്യം എന്നിവയിലൂടെ മുഖം പ്രകടമാക്കിയ അധികാരത്തിന്റെ അതേ മുഖം. ഘടന മാറിയെങ്കിലും അധികാരത്തിന്റെ ഭാവവുവും മുഖവും മാറാതെ തുടരുന്നു.വ്യവഹാരതലത്തില്‍ ആധിപത്യത്തിന് പേടി ജനിപ്പിക്കുന്ന പീഡകസ്വഭാവമുള്ള അര്‍ത്ഥപരിണാമവും സംഭവിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നവര്ക്കും ജനാധിപത്യസംവിധാനങ്ങളിലെ സ്ഥാപനങ്ങളിലെയും അധികാരം കൈയ്യാളുന്നവരില് അത് സ്വേച്ഛാധിപത്യജനിതകസ്വാധീനമായി പ്രവര്‍ത്തിക്കുന്നു.സ്വാഭാവികം. കാരണം ആംഗലേയത്തിലെ ഓട്ടോക്രസിയിലൂടെ പരിചിതമായ അധികാരം ഡെമോക്രസിയിലൂടെ പ്രകടമായതിനാല്‍. രണ്ടു പദങ്ങളിലുമുള്ള ‘ ക്രസി’ വരുത്തിവച്ച അപകടം.വാക്കിലൂടെ വരുന്ന ജനിതകസംസ്കാരം.വിശേഷിച്ചും വിദേശാധിപത്യത്തിലൂടെ ആധിപത്യത്തെ അനുഭവിച്ചറിഞ്ഞ ജനതയ്ക്ക് .
മാധ്യമങ്ങള്‍ കേരളത്തില്‍ ‘ ആധിപത്യം’ ഉറപ്പിക്കാന്‍ തുടങ്ങിയ കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ കടന്നുകൂടിയ അതിസൂക്ഷ്മവും വിനാശകരവുമായ പാശ്ചാത്യവൈറസ്സാണിത് .ഗാന്ധിജിയിലൂടെ പ്രകാശിതമായ സ്വാതന്ത്ര്യസമരമൂല്യവും സ്വതന്ത്രഭാരതവും തമ്മിലുള്ള പൊക്കിള്ക്കൊടിബന്ധത്തെ ഇല്ലായ്മ ചെയ്ത നിര്ണ്ണായകവൈറസ്സായി അതു മാറി. സ്വേച്ഛാധിപത്യം, ഏകാധിപത്യം എന്നിവയിലൂടെ പരിചിതമായ അധികാരത്തെ അതേ ഭാവത്തില്‍ കണ്ടപ്പോള്‍ ഡെമോക്രസി ജനാധിപത്യമായി. ഇതുകൊണ്ടാണ് അധികാരം കിട്ടുന്ന ജനപ്രതിനിധികളായാലും ഉദ്യോഗസ്ഥരായാലും സ്വേച്ഛാധിപത്യശീലം അഥവാ മേലളത്തശൈലി കാട്ടുന്നതും, അതു മറ്റുള്ളവര്‍ ആസ്വദിക്കുന്നതും. ആസ്വദിക്കുന്നവരുടെയും ലക്ഷ്യം അധികാരത്തിലൂടെ ആ പ്രഭാവത്തിലെത്തുക എന്നതാണ്. ഈ ആസ്വാദനത്തില്‍ രതിയിലെന്നോണം രമിപ്പിക്കുന്ന ധാതുക്കളുടെ സമൃദ്ധി സമൂഹത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് പൈങ്കിളി മാധ്യമപ്രവര്‍ത്തനം.അധികാരസ്ഥാനങ്ങളിരിക്കുന്നവരെക്കുറിച്ചുള്ള ഫീച്ചറുകളും പ്രത്യേക പരിപാടികളും ശ്രദ്ധിച്ചാല്‍ അതു വ്യക്തമായി കാണാം. അധികാരത്തിലിരിക്കുന്ന ഒരു വ്യക്തി ഗര്‍വ്വും അകല്‍ച്ചയും പ്രകടമാക്കുമ്പോള്‍ ആ വ്യക്തിയും സമൂഹവും ഒരേ രീതിയില്‍ ഒരേ സമയം അതാസ്വദിക്കുകയാണ്.അതാസ്വദിക്കാത്ത സമൂഹത്തില്‍ അധികാരിയില്‍ വിനയം പ്രകടമാകും. അത് അധികാരത്തെയും അധികാരിയെയും ജനങ്ങളുമായി അടുപ്പിക്കും.വിനയമുള്ള അധികാരിക്കും അതു സാധ്യമാകും. അധികാരം പ്രയോഗിക്കാന്‍ അവസരം വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഈ ആധിപത്യസ്വഭാവം സക്രീയമാകുന്നു. മാതാപിതാക്കളുടെ കുട്ടികളോടുളള പെരുമാറ്റം മുതല്‍ അതാരംഭിക്കുന്നു.
കേരളത്തില്‍ രാജഭരണം അവസാനിച്ചതിനു സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ ഇപ്പോഴും പ്രയോഗിക്കുന്നത് ജനായത്തഭരണം എന്നാണ്. നൂറു കഴിഞ്ഞ തിരുവനന്തപുരത്തെ അയ്യപ്പന്പിള്ളവക്കീല് ഉദാഹരണം. അറുപതുകള്‍ വരെ ജനായത്തപ്രയോഗം കേരളത്തില്‍ വളരെ സാധാരണമായിരുന്നു. ആയത്തം എന്നാല്‍ വന്നുചേരുന്നത് എന്നാണ്. അതിനാല്‍ ആ സംവിധാനത്തിന്റെ ഘടനയും സ്വഭാവവും ശക്തിയും പൊരുളും ആ വാക്ക് ഓരോ അംശത്തിലും പേറുന്നു.ഓരോ പ്രയോഗത്തിലും അധികാരിയുടെ മുഖത്തിനു പകരം ജനതയെ ആ വാക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു. അധികാരിയിലുടെ പ്രാതിനിധ്യഭാവവും.വാക്കിന്റെ മൂല്യവും ശക്തിയും. അധികാരത്തിന്റെ ഹിംസാത്മകമുഖത്തെ സര്‍ഗ്ഗാത്മകതയിലേക്ക് പരിണമിപ്പിക്കുന്ന നവോത്ഥാനപ്രയോഗം.ആധിപത്യം എന്നത് അനുചിതവുമാണ്. കാരണം ആര് അരുടെ മേല്‍ ?. ജനം ജനത്തിന്റെ മേല്‍ ആധിപത്യം പുലര്‍ത്തുകയല്ല വേണ്ടത്.അവിടെ അനൌചിത്യത്തെക്കള് ആ പ്രയോഗം അമൂര്‍ത്തവുമാകുന്നു . അധികാരം ജനങ്ങളിലേക്ക് വന്നു ചേരുന്നു എന്ന അവബോധം ഉണ്ടാകുന്ന പക്ഷം അധികാരത്തിന്റെ മുദ്രാഭാവമായ ഗര്‍വ്വും അകലും. അതിനാല്‍ ജനാധിപത്യ പ്രയോഗം ജനായത്ത സംവിധാനത്തില്‍ ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും സൃഷ്ടിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. തിരഞ്ഞെടുപ്പുകളിലൂടെ സ്വേച്ഛാധിപതികള്‍ വന്നുകൊണ്ടിരിക്കും.
കാര്യങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ് അധികാരം എന്നുള്ള നിര്‍വചനവും കൂടി ഓര്‍മ്മിക്കപ്പെടുമ്പോള്‍ ജനായത്തപ്രയോഗം എപ്പോഴും കേള്ക്കേണ്ടിവരുന്നതിനാല് ആ വാക്ക് പറയുന്നവരിലും കേള്‍ക്കുന്നവരിലും അതിന്റെ പൊരുള്‍ ആഴത്തില്‍ നിന്ന് സ്വാധീനമായി പ്രവര്‍ത്തിക്കും. ദരിദ്രന് ധനത്തോടുള്ള ആസക്തിയും ആര്‍ത്തിയും ഉണ്ടാകും .അതുപോലെ വ്യക്തിയിലെ അടിമയാണ് അധികാരസ്ഥാനത്തെത്തുന്നവരില് ആധിപത്യഭാവം പ്രകടമാക്കിപ്പിക്കുന്നത്.അടിമയെ നിയന്ത്രിക്കുന്നത് പേടിയാകും. അതുകൊണ്ടാണ് അധികാരത്തിലെത്തുന്നവര്‍ അത് നിലനിര്‍ത്താന്‍ വൃത്തികേടുകള്‍ കാട്ടുന്നത്; അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നവരും .
നമ്മെ നാം തന്നെ സങ്കല്പ്പത്തിലൂടെ മറ്റൊരാളില്‍ ആരോപിച്ച് അല്ലെങ്കില്‍ സന്നിവേശിപ്പിച്ച് അയാള്‍ക്കുള്ളിലൂടെ സന്ദര്‍ഭങ്ങളെ ബോധ്യമാകുന്ന ഒരു വിദ്യയുണ്ട്. പുരാതനഭാരതം കണ്ടെത്തിയ അതിനെയാണ് പ്രതിപക്ഷഭാവന എന്നു പറയുന്നത്.രണ്ടു വ്യക്തികള്‍ പരസ്പരം ഈ പ്രക്രീയയില്‍ ഏര്‍പ്പെടുമ്പോഴാണ് അത് പ്രതികരണമാകുന്നത്.രാജവാഴ്ചയില്‍ നിന്നുള്ള മാറ്റത്തെ ഉള്‍ക്കൊണ്ട് ജനായത്തമെന്ന വാക്ക് പ്രയോഗിച്ച അതേ പ്രതിഭാധനരാവണം പ്രതിപക്ഷമെന്ന വാക്കും പ്രയോഗിച്ചത്. പക്ഷേ ‘ഡെമോക്രസി’യിലെ ‘ഒപ്പൊസിഷന്‍’ ആയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. ഒപ്പൊസിഷന്റെ മലയാളമല്ല പ്രതിപക്ഷം.ഈ ഒപ്പൊസിഷന്‍ സ്വാധീനമാണ് തങ്ങളുടെ ഏക കര്‍ത്തവ്യം ഭരണപക്ഷം ചെയ്യുന്നതിനെയും പറയുന്നതിനെയും എതിര്‍ത്തുകൊണ്ടിരിക്കുക മാത്രമാണെന്ന ധാരണ പ്രതിപക്ഷത്തെത്തുന്നവര്ക്ക് ഉണ്ടാകുന്നത്. അതേപടി ജനം അത് പ്രതീക്ഷിക്കുന്നതും. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പ്രതിപക്ഷം മാറുകയാണെങ്കില്‍ ജനായത്തത്തില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ലക്ഷ്യം ഒന്നായി മാറും- ജനം.