ആത്മഹത്യയുടെ വക്കില്‍

‘ ആത്മഹത്യയുടെ വക്കില്‍’, ‘ ആത്മഹത്യയല്ലാതെ വേറെ നിവൃത്തിയില്ല’ ദൃശ്യമാധ്യമങ്ങളിലൂടെ ഈ പ്രയോഗം കേള്‍ക്കാത്ത ദിവസമില്ല. ഏതെങ്കിലും ജനവിഭാഗത്തിന്റെ അല്ലെങ്കില്‍ വ്യക്തികളുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ സമാപനവാക്യമായി . അതുമല്ലെങ്കില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ നേതാക്കാന്മാരില്‍ നിന്നോ സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നോ.ദുരിതത്തിനിരയായവരുടെ ദുരിതത്തിന്റെ തീവ്രത ഉയര്‍ത്തിക്കാട്ടാനാണ് ഈ പ്രയോഗം. പ്രതിപക്ഷത്തുള്ള നേതാക്കള്‍ ദുരിതം അനുഭവിക്കുന്നവരുടെ തൃപ്തി സമ്പാദിച്ച് അവരുടെ പിന്തുണ നേടുന്നതിനും ഈ പ്രയോഗത്തെ ആശ്രയിക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള ഈ പ്രശ്നപരിഹാരനിര്‍ദ്ദേശം കേട്ട് പ്രശ്നങ്ങള്‍ നേരിടുന്നവരും പറയുന്നു’ ഞങ്ങള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് വഴികളി’ ല്ലെന്ന്. ഈ പരിഹാരനിര്‍ദ്ദേശം കേള്‍ക്കുന്നവരില്‍ അവരറിയാതെ അവരുടെ ഉള്ളിലേക്ക് വഴിമുട്ടുമ്പോഴുളള പോംവഴിയായി ആത്മഹത്യ പ്രവേശിക്കുന്നു. ഈ സ്വാധീനത്തില്‍ കടബാധ്യതയില്‍ പെടുന്നവരിലും , പരീക്ഷയില്‍ തോറ്റവരിലും , തുടങ്ങി നിസ്സാര വിഷയങ്ങളില്‍ വിഷമിക്കുന്നവരിലും ചിലര്‍ ആത്മഹത്യയിലൂടെ പരിഹാരം തേടുന്നു. സര്‍വ്വപ്രശ്നപരിഹാരിയായി സമൂഹമനസ്സിലേക്ക് ഉറപ്പിച്ചതിനാലാകാം ഇപ്പോള്‍ പ്രൈമറിക്ലാസ്സ് വിദ്യാര്‍ത്ഥികളുള്‍പ്പടെ നിസ്സാര വിഷയങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്നു.
ഒരു നേതാവും ഒരു മാധ്യമപ്രവര്‍ത്തകനും ആത്മഹത്യയെ പരിഹാരമായി നിര്‍ദ്ദേശിക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, ഈ നിര്‍ദ്ദേശം അഥവാ പ്രയോഗം തങ്ങളുടെ പരിമിതിയും കഴിവില്ലായ്മയും സര്‍ഗ്ഗശേഷിയില്ലായ്മയും വളിച്ചറിയിക്കുകയാണെന്ന്. ന്യൂട്ടന്റെ മൂന്നാമത്തെ സിദ്ധാന്തം പോലെ വരുന്നത് എന്തും പോവുകയും ചെയ്യും. അതു പ്രശ്നമായാലും. കൃഷിനാശം മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കേണ്ടിയിരുന്നത് കുട്ടനാട്ടിലാണ്.അവ്വിധമുള്ള വിളനാശമാണ് അവര്‍ മിക്കപ്പോഴും നേരിടുന്നത്. മെതിച്ചിട്ട നെല്ല് സംഭരിക്കപ്പെടാതെ മഴയത്ത് കിടന്ന് കിളിര്‍ത്തു പോകുന്നതുപോലും പതിവ്. പക്ഷേ കുട്ടനാട്ടുകാര്‍ തകരാറില്ല. വെള്ളം കയറുമ്പോള്‍ വെളളത്തിനുമീതെ ഓളം ചവിട്ടുക എന്നാണ് അവരുടെ രീതി. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ വസ്ത്രവും മൊബൈല്‍ഫോണുമായി റോഡില്‍ പൊങ്ങിയ വെള്ളത്തിനു മീതെ നീന്തിവന്ന് സ്വാഭാവികമെന്നോണം ജോലിസ്ഥലത്തേക്കു പോകുന്ന കുട്ടനാട്ടുകാരെയും മഴക്കാലത്തു കാണാം. കൃഷി വെള്ളത്തില്‍ മുങ്ങുമ്പോഴും അവരില്‍ വഞ്ചിപ്പാട്ടിന്റെ താളം കാണാന്‍ കഴിയുന്നുണ്ട്.വെള്ളം വന്നാല്‍ അതിനു മീതെ .അതാണ് കുട്ടനാട് ശൈലി .
കടക്കെണികൊണ്ട്, അദ്ധ്യാപകന്‍ വഴക്കു പറഞ്ഞതിന്റെ പേരില്‍ , രക്ഷിതാക്കള്‍ ബൈക്കു വാങ്ങിക്കൊടുക്കാത്തതുകൊണ്ട്, എന്നിങ്ങനെയുള്ള ആത്മഹത്യാകാരണങ്ങള്‍ നിരത്തിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍്ട്ടും സമൂഹത്തിന്റെ മാനസികാരോഗ്യത്തെ രോഗഗ്രസ്ഥമാക്കുന്നു. മാനസികാരോഗ്യമില്ലായ്മയാണ് ആത്മഹത്യയിലേക്ക് വ്യക്തിയെ നയിക്കുന്ന കാരണം. ആ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെ അന്വേഷിച്ചു കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയാതെ വരുന്നു. അതിനാല്‍ അവര്‍ നിമിത്തത്തെ മാത്രം കാണുന്നു.വെറും ലക്ഷനചികില്‌സ സമീപനം. ഉല്ലാസം മാനസികാരോഗ്യത്തെ ഉയര്‍ത്തുന്നു എന്നും അതില്‍ കലയും കായികവിനോദവും മുഖ്യപങ്കു വഹിക്കുന്നുവെന്നും കുട്ടനാട് കാട്ടിത്തരുന്നു. അവ കൂട്ടായ്മയെയും ശ്ക്തമാക്കുന്നു. മാനസികാരോഗ്യമില്ലായ്മയാണ് അക്രമത്തിനും കാരണമാകുന്നത്. ആത്മഹത്യയുടെ കാരണം സ്‌കൂള്‍ അധികൃതരാണെന്ന് റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ സ്‌കൂള്‍ തകര്‍ക്കാനും ഉത്തരവാദിയായ അദ്ധ്യാപകനയോ അദ്ധ്യാപികയോ ക്രൂശിക്കാനും നാട്ടുകാര്‍ ഇറങ്ങിത്തിരിക്കുന്നതും സാമൂഹികമായി ആത്മഹത്യാപ്രവണത ഊര്‍ജ്ജിതമായി നില്‍ക്കുന്നതിനാലാണ്. വ്യക്തിയിലും സമൂഹത്തിലും വിഷാദരോഗം ഉള്ളതിനാലാണത്.തീവ്രവിഷാദമാണ് കാമുകിയെ നോവിച്ചു കൊന്നിട്ട് സ്വയം മരിക്കാന്‍ ചില വിഷാദകാമുകന്മാര്‍ ഇപ്പോള്‍ കേരളത്തില്‍ ശ്രമിക്കുന്നത് .
പൊതുവിഷയങ്ങള്‍ ഉയര്‍ത്തി ചിലര്‍ ആത്മഹത്യ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ അതിനെ കാല്‍പ്പിനികമാക്കി ആത്മഹത്യ ചെയ്ത വ്യക്തിയെ വീരപരിവേഷത്തോടെ ആഘോഷിക്കുന്നുതും കാണപ്പെടുന്നു. അവിടെ ആത്മഹത്യ കാല്‍പ്പനികവത്ക്കപ്പെടുകകൂടിയാണ്. മരണവും കൊലപാതകവും മലയാളിക്ക് കല്പ്പനികമാണിപ്പോള്‍ .അതുകൊണ്ടാണ് രാഷ്ട്രീയമായി ലാഭം നേടാനും മറ്റുള്ളവരെ തകര്‍ക്കാനും മരണവും കൊലപാതകവും കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് .’ ആത്മഹത്യയുടെ വക്കില്‍ ‘ പ്രയോഗം വ്യക്തിയിലും സമൂഹത്തിലും ഒരേ സമയം മാരകമായ വിഷം മെല്ലെ കടത്തിവിടുന്ന പ്രക്രീയ തന്നെ.മാധ്യമപ്രവര്‍ത്തനത്തിലെ പൈങ്കിളിവത്ക്കരണം ഈ മാനസികാനാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു.പൈങ്കിളിക്കമ്പോളത്തില്‍ വേദനയും വിഷാദവുമൊക്കെ വന്‍വിപണനസാധ്യതയാണൊരുക്കുന്നത്.സീരിയലുകള്‍ അരങ്ങു തകര്‍ക്കുന്നതും അതിനാല്‍.