ഉപ്പന്‍ കണ്ണുകളുമായി കുളികഴിഞ്ഞിറങ്ങിയ യുവതി
കോവിഡ് ഭീതിക്കിടയിലും ഐ ടി സുന്ദരിയുടെ അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നു. കാരണം രക്തസമ്മര്‍ദ്ദം വല്ലാതെ ഉയര്‍ന്നു. പതിവായി കഴിക്കുന്ന ഗുളിക ഇരട്ടി കഴിച്ചിട്ടും തെല്ലും കുറവ് കാണിക്കുന്നില്ല. ഒടുവില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു രാത്രിയും ഒരു പകലും ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരം ഡോക്ടര്‍ പറഞ്ഞു, ‘ ആവശ്യമില്ലാത്ത കാര്യത്തിന് ടെന്‍ഷനടിക്കരുത്’. ഡോക്ടറുടെ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ട് കാറില്‍ കയറിയ ഉടന്‍ അമ്മ മോളോടു പറഞ്ഞു, ‘ ഡോക്ടര്‍ പറഞ്ഞത് നീയും കേട്ടല്ലോ’.
ഉടനെ മോളുടെ മറുപടിയും വന്നു’ അത് ഡോക്ടര്‍ അമ്മയോടാണ് പറഞ്ഞത്. അമ്മ ആവശ്യമില്ലാത്ത കാര്യത്തിനാണ് ഈ ടെന്‍ഷനടിക്കുന്നതും വഴക്കിടുന്നതുമൊക്കെ. ഇപ്പോ വല്ല സ്ട്രോക്കെങ്ങാനും വന്നിരുന്നെങ്കില്‍ കാറുവാങ്ങലും നടക്കത്തില്ല, അമ്മ കിടപ്പിലുമായേനെ. ഒരുപക്ഷേ എന്റെ ശമ്പളം കൊണ്ടു പോലും കാര്യങ്ങള്‍ നടത്താന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നു’ . അമ്മയുടെ സ്വരവിന്യാസം മാറി. സങ്കടം അടക്കിക്കൊണ്ട് അവര്‍ ചോദിച്ചു,’ എന്നാലും നിനക്ക് വാശിയാ അല്ലെ. എന്തു ചെയ്യാനാ പറഞ്ഞാല്‍ കേള്‍ക്കാത്ത മക്കളാണെങ്കില്‍ എങ്ങനെ ടെന്‍ഷനടിക്കാതിരിക്കാന്‍ പറ്റും’ . അതിന് മോള് ഒരു ഔദാര്യം പോലെ മറുപടി പറയാന്‍ പോയില്ല. എന്നാല്‍ ഐ ടി സുന്ദരിയുടെ തലയിലേക്ക് രക്തം ഇരച്ചു കയറി. നെഞ്ചില്‍ ചുഴലിയും ചൂടും. എങ്കിലും സഹിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഐ ടി സുന്ദരിയുടെ മുത്തച്ഛന് , അമ്മയുടെ അച്ഛന് , വന്ന് കതകു തുറന്നു. അമ്മയെ ചെറുതായി പിടിച്ചുകൊണ്ട് അകത്തേക്കു കയറി. ‘ കുഴപ്പമില്ല അച്ചാച്ചാ, രണ്ടു ദിവസം റെസ്റ്റ് എടുക്കണമെന്നു പറഞ്ഞു. അച്ചാച്ചന് ഞങ്ങളുടെ അടുത്തേക്കു വരേണ്ട. ഞങ്ങള്‍ വേഷം മാറി വരാം. ‘ അമ്മയുടെ ശരീരമാസകലമെന്നോണം സാനിറ്റൈസ് ചെയ്തിട്ട് പുതിയ വസ്ത്രം ധിര്ക്കാന് കൊടുത്തതിനു ശേഷം ഐ ടി സുന്ദരി കുളിക്കാന്‍ കയറി. വസ്ത്രം മാറി കിടക്കയിലേക്കു വന്നിരുന്ന മകളുടെയടുത്തേക്ക് അച്ഛന് എത്തി. മകളുടെ മുഖഭാവത്തില്‍ നിന്ന് സംഗതിയുടെ കിടപ്പ് ഏതാണ് മുത്തച്ഛന് ഊഹിച്ചു. അച്ഛനെ കണ്ട മാത്രയില്‍ അച്ഛന്റെ ക്ഷേമമന്വേഷിച്ചു. മരുന്നുകളൊക്കെ തന്റെ അഭാവത്തില്‍ കൃത്യമായി കഴിക്കാന്‍ കഴിഞ്ഞുവോ എന്ന് അന്വേഷിച്ചു. അധികം സംസാരിക്കേണ്ട എന്നു പറഞ്ഞുകൊണ്ട് അച്ഛന് കട്ടിലിന് സമീപമുണ്ടായിരുന്ന കസേരയില്‍ ഇരുന്നു.
കുളി കഴിഞ്ഞിറങ്ങി വന്ന ചെറുമകളുടെ മുഖത്തും കാര്‍മേഘം ഘനംകെട്ടിനില്ക്കുന്നു. രണ്ടു ദിവസം മുന്‍പ് ഇരുവരും തമ്മിലുള്ള വഴക്ക് മുത്തച്ഛന് കണ്ടതാണ്. അന്ന് അതിരൂക്ഷമായി ഐ ടി സുന്ദരി തന്റെ അമ്മയെ ശകാരിച്ചു. അമ്മയുടെ ഈ സ്വഭാവം കൊണ്ടാണ് കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകും മുന്‍പ് തന്റെ അച്ഛന് അമ്മയെ ഉപേക്ഷിച്ചിട്ടു പോയതെന്ന് അവള് മുഖത്തടിച്ചവണ്ണം പറയുകയുണ്ടായി. അന്നു രാത്രിയാണ് ഐ ടി സുന്ദരിക്ക് തന്റെ അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നത്.അമ്മയോട് ആ കടുത്ത വാചകം പറഞ്ഞതിനു ശേഷം അങ്ങനെ പറഞ്ഞുപോയതില്‍ വല്ലാതെ വിഷമം വരികയും ചെയ്തു. ഇനി ഒരിക്കലും ഇത്തരത്തില്‍ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ സംസാരിക്കരുതെന്ന് മനസ്സില്‍ ശപഥം ചെയ്യുകയും ചെയ്തു. കണ്ണാടിയുടെ മുന്നില്‍ നിന്നു തിരിഞ്ഞ ചെറുമകളുടെ കണ്ണുകള്‍ വല്ലാതെ ചുമന്നുകിടക്കുന്നു.’ എന്തു പറ്റി മോളെ കണ്ണിലെന്തെങ്കിലും വീണോ? ഉപ്പന്റെ കണ്ണുപോലെ വല്ലാതെ ചുമന്നിരിക്കുന്നല്ലോ? മുത്തച്ഛന്റെ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ഐ ടി സുന്ദരി ഒഴിഞ്ഞുമാറി. കുളിമുറിയില്‍ കുളിക്കുന്നതോടൊപ്പം ആ പെണ്‍കുട്ടി ഒച്ചവയ്ക്കാതെ പൊട്ടിക്കരയുകയായിരുന്നു. അവള് അന്നു രാത്രി വിളിച്ചു
‘ അങ്കിള്‍, എനിക്കറിയില്ല. ഞാനെന്തു ചെയ്യും. എനിക്ക് പേടിയാകുന്നു’
‘ എന്തിന്?’
‘ ഞാനെന്തെങ്കിലും കടുംകൈ കാണിച്ചുപോകുമോ എന്നൊരു സംശയം. ആശുപത്രിയില്‍ നി്ന്നു വന്ന് കുളിച്ചുകൊണ്ടുനിന്നപ്പോള്‍ എന്റെ തല ഭിത്തിയിലടിച്ച് പൊട്ടിക്കണമെന്നൊക്കെ എനിക്കു തോന്നി. അമ്മേടേ മുത്തച്ഛന്റെയും കാര്യമോര്‍ത്തപ്പോ………. എനിക്കറിയില്ല. സത്യം പറഞ്ഞാല്‍ , ഓഫീസ് തുറന്നാല്‍ മതിയായിരുന്നു. വീട്ടിലിരുന്ന് ശരിക്ക് വര്‍ക്ക് ചെയ്യാന്‍ പോലും പറ്റുന്നില്ല. ശരിയാണ് , അമ്മയ്ക്ക് അമ്മയുടേതായ ഫ്രസ്ട്രേഷനുണ്ട്. അതെനിക്ക് മനസ്സിലാക്കാന്‍ പറ്റും. അമ്മയെ അച്ഛന് ഉപേക്ഷിച്ചിട്ടു പോയത് കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ കൈയ്യിലും കഴുത്തിലും ആവശ്യത്തിന് സ്വര്‍ണ്ണം ഇല്ലാത്തതിന്റെ പേരിലാണെന്നാണ് അമ്മ പറയുന്നത്. അതിനാല്‍ എനിക്ക് ജോലി കിട്ടിയ അന്നു മുതല്‍ തുടങ്ങിയതാ അമ്മ, മിച്ചം പിടിച്ച് സ്വര്‍ണ്ണം വാങ്ങണമെന്ന്. ഞാന്‍ തിരക്കിട്ട് വര്‍ക്ക് ചെയ്യുന്നതിനിടയിലും അമ്മ വന്ന് ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. തന്റെ ഗതികേടുകൊണ്ടാണ് മോള്‍ക്ക് ഈ ഗതികേടു വന്നതെന്നാണ് മുത്തച്ഛന്റെ കുറ്റബോധം. പാവം മുത്തച്ഛന്. ഓരോ തവണ ഇതു കേള്‍ക്കുമ്പോഴും പാവത്തിന്റെ മുഖഭാവം കാണണം. സഹിക്കില്ല. വില്ലേജ് ഓഫീസ് അറ്റന്‍ഡറായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊടുക്കാന്‍ കഴിയുന്നതിന് ഒരു പരിധിയില്ലേ. മുന്നു പെണ്‍മക്കളയും രണ്ട് ആണ്മക്കളെയും തന്നാല്‍ കഴിയുന്ന വിധം വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.അമ്മയൊഴികെ മറ്റെല്ലാവരും നല്ല നിലയില്‍ കുടുംബമായി കഴിയുന്നു. അമ്മ ഇളയതായതുകൊണ്ടാണ് തനിക്ക് ആവശ്യത്തിന് സ്വര്‍ണ്ണം കിട്ടാതെ പോയതെന്നും ഇടയ്ക്കിടയ്ക്ക് പറയും. എട്ടു മാസം മാത്രമാണ് അമ്മയും അച്ഛനും ഒന്നിച്ച് ജീവിച്ചിട്ടുള്ളു. അങ്കിള്‍ അതിന്റെയെല്ലാം സ്ട്രെസ്സ് യഥാര്‍ത്ഥത്തില്‍ ഞാനാണ് അനുഭവിച്ചത്. ഞാന്‍ എന്റെ അച്ഛനെ ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് ഒന്നു പോയി കാണണമെന്ന്. എന്നാലും ഇടയ്ക്ക ആലോചിക്കും, അച്ഛന് ഒരിക്കല്‍ പോലും എന്നെയൊന്നു കാണണമെന്ന് തോന്നിയിട്ടില്ലല്ലോ എന്ന്. അപ്പോ അമ്മയെക്കുറിച്ചു ചിന്തിക്കുമ്പോഴും സങ്കടം സഹിക്കാനാവില്ല. എന്നെക്കൊണ്ട് പറ്റാവുന്ന വിധം ഞാന്‍ അമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ നോക്കുന്നുണ്ട്. പക്ഷേ എനിക്ക് താങ്ങാന്‍ പറ്റാതെ വരുന്നുവെന്ന് ഒരു തോന്നല്‍. ചില സമയത്ത് അച്ഛനെന്ന വ്യക്തിയോട് വല്ലാത്ത വെറുപ്പും തോന്നും. അമ്മയ്ക്ക് ഇപ്പോഴും അച്ഛനെ നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അച്ഛന് വേറെ വിവാഹവും കഴിച്ച് മക്കളുമായി താമസിക്കുകയാണ്. അങ്കിള്‍ ആരോ വിളിക്കുന്നു. ഏതോ നമ്പരാണ്. ഞാന്‍ പിന്നെ വിളിക്കാം’
-തുടരും.